A Study On Cinema & Its Viewers

2011-09-08

This is a great article that I came to read  on madhyamam weekly about the movies. As I am always interested to watch movies like most others, it's interesting to find the analysis about movies and its watchers. I am sure you will find it very interesting and will enrich your  thoughts on movies. It discusses mainly about the role of women in Indian cinema. You can find the orginal article here


സിനിമ അനുഭവങ്ങളുടെ ഒരു തുടര്‍ച്ച സൃഷ്ടിക്കുന്നതുകൊണ്ട് ആ അനുഭവങ്ങളില്‍ സ്ത്രീ എങ്ങനെയാണ് പ്രത്യക്ഷപ്പെടുന്നതെന്നും പ്രേക്ഷകന്‍െറ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും സങ്കല്‍പങ്ങളെയും എങ്ങനെയാണ് തൃപ്തിപ്പെടുത്തുന്നതെന്നും നാം അന്വേഷിക്കേണ്ടതുണ്ട്. സ്ത്രീയെ എങ്ങനെയൊക്കെയാണ് സമൂഹത്തില്‍ സ്ഥാനപ്പെടുത്തിയിരിക്കുന്നതെന്നും സ്ത്രീയില്‍ നിന്ന് പുരുഷകേന്ദ്രിത സമൂഹം എന്തൊക്കെയാണ് പ്രതീക്ഷിക്കുന്നതെന്നും അനുസരിച്ചാണ് എല്ലാ സിനിമകളിലും സ്ത്രീകള്‍ ചിത്രീകരിക്കപ്പെടുന്നത്. വല്ലപ്പോഴും സംഭവിക്കുന്ന ചില കുതറലുകളും വ്യവസ്ഥാപിത സങ്കല്‍പങ്ങളെ ലംഘിക്കലും ഒഴിവാക്കിയാല്‍ പൊതുവെയുള്ള സ്ഥിതി മേല്‍പ്പറഞ്ഞതാണ്. കാഴ്ചയുടെ വേളകളിലുടനീളം നമ്മള്‍ സിനിമയിലെ ഇമേജുകളു(ബിംബം)മായി നിരന്തരമായും ഇടപെടുകയും സംസാരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.  ഈ ഇമേജുകളുടെ ലോകത്ത് ദൃശ്യങ്ങളും ശബ്ദങ്ങളും ഉണ്ട്.  രണ്ടും അതിന്‍െറ അര്‍ഥങ്ങളുടെ ഒരു ലോകത്തെ നമുക്കുവേണ്ടി തുറന്നുതന്നുകൊണ്ടിരിക്കുകയാണ്.  ഈ ബിംബങ്ങളുടെ നേരിട്ടുള്ള അര്‍ഥവ്യവഹാരത്തെ മറികടക്കുന്ന നിശ്ശബ്ദതക്കും ശൂന്യതക്കും നമ്മള്‍ ഓരോ അര്‍ഥങ്ങള്‍ കല്‍പിച്ചുനല്‍കുകയും സ്വീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ടാവും.  ഈ ദൃശ്യങ്ങള്‍ വികസിപ്പിക്കുന്ന, നമുക്ക് പരിചിതമോ അപരിചിതമോ ആയ ഒരു കഥാപരിസരത്തെയാണ് നമ്മള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.  കഥാപരിസരങ്ങളും സംഭവവികാസങ്ങളും കഥാപാത്ര പരിചരണവും നമുക്ക് ഏതോ യാഥാര്‍ഥ്യത്തിന്‍െറ ഒരു ലോകത്തേക്ക് സഞ്ചരിക്കുന്ന അനുഭവമുണ്ടാക്കും.  അതുടനീളം ആശയങ്ങളെയും മൂല്യങ്ങളെയും വിശ്വാസങ്ങളെയും ഉറപ്പിക്കുകയോ തകര്‍ക്കുകയോ നിര്‍മിക്കുകയോ ചെയ്തുകൊണ്ടിരിക്കും.  ഒരു സമൂഹത്തിന്‍െറയാകെ ധാരണകളെയും വിശ്വാസങ്ങളെയും മൂല്യങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്നവിധത്തില്‍ കാഴ്ചയുടെ ഒരു ലോകം ജീവിതത്തിന്‍െറ ആകാശങ്ങളിലേക്ക് വികസിച്ചുകൊണ്ടേയിരിക്കും.  ഒരു സമൂഹത്തിന്‍െറ ജീവിതസങ്കല്‍പങ്ങളെ സിനിമ ബോധത്തിലും അബോധത്തിലും ഇടപെട്ടുകൊണ്ട് എങ്ങനെയാണ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത് അല്ളെങ്കില്‍ പൊളിച്ചെഴുതിക്കൊണ്ടിരിക്കുന്നതെന്നുള്ള അന്വേഷണങ്ങള്‍ നിരന്തരമായി നടക്കേണ്ടതുണ്ട്. ഇന്ത്യന്‍ സിനിമ എന്ന് വിളിക്കപ്പെടുന്ന എല്ലാ ഭാഷാസിനിമകളും ഇത്തരം സാംസ്കാരിക ഇടപെടലുകള്‍ സിനിമയുടെ ആദ്യകാലം മുതല്‍തന്നെ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.  ഈ മേഖലകളിലെ വ്യത്യസ്ത വഴികളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍, ഒരു ദേശനിര്‍മിതിയുടെയും അതിന്‍െറ സാംസ്കാരിക നിര്‍മിതിയുടെയും വിഭിന്നമായ ചോദ്യങ്ങളിലേക്കും സഞ്ചരിക്കേണ്ടതുണ്ട്. സിനിമയെ ഒരു സാംസ്കാരിക നിര്‍മിതിയായി സമീപിക്കുകയാണെങ്കില്‍ രണ്ടു പ്രധാന കാര്യങ്ങള്‍ തീര്‍ച്ചയാക്കാം.
ഒന്ന്: സിനിമ അത് ജന്മമെടുക്കുന്ന സമൂഹത്തിന്‍െറ ഘടനയെയും ആശയാഭിലാഷങ്ങളെയും മൂല്യബോധത്തെയും പ്രതിഫലിപ്പിക്കുന്നു.
രണ്ട്: അത് സ്ത്രീകളുടെ സാമൂഹികവും ലൈംഗികവുമായ അധികാരബന്ധങ്ങളുടെ പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നു.


ലിംഗാധിഷ്ഠിതമായ സ്വാതന്ത്ര്യവും തുല്യതയുമില്ലാത്ത ഒരു സമൂഹത്തില്‍ നോട്ടത്തിന്‍െറ ആനന്ദം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്ന് ലോറ മള്‍വി ശരിയായി നിരീക്ഷിക്കുന്നുണ്ട്. സജീവവും മേല്‍ക്കോയ്മയുള്ളതുമായ പുരുഷനും കീഴ്പ്പെടുകയും കീഴ്വഴങ്ങുകയും ചെയ്യുന്ന സ്ത്രീയും എന്ന രീതിയില്‍ നോട്ടത്തിന്‍െറ ആനന്ദം അധികാരത്തിന്‍െറ നോട്ടമായി വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നാണ് അതിന്‍െറ അര്‍ഥം. പുരുഷന്‍െറ ലൈംഗികേച്ഛയെ തൃപ്തിപ്പെടുത്തുന്നവിധത്തില്‍ ലൈംഗികാനുഭവങ്ങളുടെ തിളച്ചുമറിയുന്ന വസ്തുവായും പുരുഷകേന്ദ്രിതമൂല്യങ്ങള്‍ക്കനുസരിച്ചുള്ള കുടുംബിനിയായും സ്ത്രീയെ രൂപപ്പെടുത്തുകയാണ് അതുവഴി ഈ സിനിമകളില്‍ സംഭവിക്കുന്നതെന്നുപറയാം.
ഇന്ത്യന്‍ ദേശീയതയും മൂല്യവ്യവസ്ഥയും കുടുംബസങ്കല്‍പങ്ങളും ലിംഗരാഷ്ട്രീയവും വിശ്വാസങ്ങളും ഒക്കെയായി ഇന്ത്യന്‍ സിനിമ എങ്ങനെയൊക്കെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന അന്വേഷണങ്ങള്‍ക്ക് സഹായകമായേക്കാവുന്ന ചില ചോദ്യങ്ങളും പ്രശ്നങ്ങളും തൊടുകമാത്രമാണിവിടെ ചെയ്യുന്നത്.  വിശദവും നിഷ്കര്‍ഷവുമായ അപഗ്രഥനങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ഭാവിയില്‍ കണ്ടെത്തേണ്ടതും ഉത്തരം ലഭിക്കേണ്ടതുമായ കാര്യങ്ങളാണിത്.   പുരുഷകേന്ദ്രീകൃതമായ അധികാരവ്യവസ്ഥക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സമൂഹത്തിലും പുരുഷന്‍െറ മേല്‍ക്കോയ്മ ശക്തമായിരിക്കുമല്ളോ. അതുകൊണ്ടുതന്നെ അവരുടെ പൊതുബോധത്തിനും പരമ്പരാഗതരീതികള്‍ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ച് സൃഷ്ടിക്കപ്പെടുന്ന സ്ത്രീനിര്‍മിതിയാണ് സിനിമകളിലും നടത്തുന്നത്. പുരുഷന്‍െറ കാഴ്ചക്കും അതിനനുസൃതമായി രൂപപ്പെടുത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്യപ്പെട്ട സ്ത്രീകാഴ്ചക്കുംവേണ്ടി നിര്‍മിക്കപ്പെടുന്ന സിനിമകളില്‍ സ്ത്രീബിംബങ്ങളുടെ നിര്‍മിതി നിലനില്‍ക്കുന്ന സാമൂഹികനിയമങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസൃതമായാണ്. പുരുഷന്‍െറ ആഗ്രഹങ്ങളെയാണ് തിരശ്ശീലയില്‍ അവന്‍ വരച്ചിടുന്നത്. സിനിമ കാഴ്ചയുടെ നോട്ടത്തിന്‍െറ ആനന്ദത്തെ (gaze) സാക്ഷാത്കരിക്കുന്നതുകൊണ്ട് അത് ലൈംഗികത, പുരുഷത്വം, സ്ത്രീത്വം, അധികാരം എന്നിവയുമായി എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നുള്ള അന്വേഷണങ്ങളും ചലച്ചിത്ര പഠനങ്ങളുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്നു.  സിനിമ കാഴ്ചയുടെ സുഖാനുഭവത്തെയും രതിസുഖത്തെയും നല്‍കുന്നുണ്ടാവണം. അത് ചിലപ്പോള്‍ ഒളിഞ്ഞുനോട്ടത്തിന്‍െറ മാനസികാഹ്ളാദങ്ങളെയും പൂര്‍ത്തീകരിക്കാന്‍ സഹായിക്കുന്നുണ്ടാവണം എന്ന് മനഃശാസ്ത്രവിശകലനപഠനങ്ങള്‍ കണ്ടെത്തുന്നുണ്ട്. ബാല്യത്തിന്‍െറ ഒളിഞ്ഞുനോട്ടാനുഭവങ്ങളില്‍നിന്ന് പൂര്‍ണമായും മോചനം പ്രാപിക്കാത്തവരാണ് പ്രേക്ഷകരേറെയും. അവര്‍ക്ക് അന്യരുടെ രഹസ്യങ്ങളിലേക്കും നിഗൂഢതകളിലേക്കും തനിക്കുതന്നെ വിലക്കപ്പെട്ട അനുഭവങ്ങളിലേക്കും സഞ്ചരിക്കേണ്ടതുണ്ട്. അവിടെയാണ് നോട്ടത്തിന് വിധേയമായിക്കൊണ്ട് സ്ത്രീശരീരത്തിന്‍െറ നില്‍പ്. ശരീരത്തിന്‍െറ  കാഴ്ച മാത്രമല്ല അയാളെ തൃപ്തിപ്പെടുത്തുന്നത്. തനിക്കുവേണ്ടി സ്ത്രീ, പുരുഷ സ്പര്‍ശമേല്‍ക്കാത്ത കന്യകയായും അനുസരണയുള്ള ഭാര്യയായും സ്നേഹമുള്ള അമ്മയായും തന്‍െറ ആസക്തികളെ തൃപ്തിപ്പെടുത്തുന്ന ശരീരമായും ഒക്കെ സ്ക്രീനില്‍ നിറയുന്നത്, അയാളുടെ അബോധത്തെ തൃപ്തിപ്പെടുത്തുന്നു.  അബോധത്തെ തൃപ്തിപ്പെടുത്തുന്നതിലൂടെ അയാള്‍ സാങ്കല്‍പികമായി അധികാരഘടനയിലെ ഒരു അധീശശക്തിയായി സ്വയം അവരോധിക്കപ്പെടുന്നു. തന്‍െറ അവസാനമില്ലാത്തതും നിയന്ത്രണങ്ങളില്ലാത്തതും രഹസ്യാത്മകവുമായ എല്ലാ ആഗ്രഹങ്ങള്‍ക്കും വിധേയമാകുന്ന ഒരു സ്ത്രീശരീരത്തെയാണ് സ്ക്രീനില്‍ അയാള്‍ തേടുന്നത്. അയാള്‍ക്ക് കാഴ്ചയുടെ വിഭ്രമാത്മകമായ ഇടങ്ങളില്‍നിന്ന് ലൈംഗികതയുടെയും ലിംഗബന്ധങ്ങളുടെയും അധീശത്വപരമായ ആഹ്ളാദം ലഭിക്കുന്നുണ്ടെന്ന് കാണാം. തിയറ്ററിലെ ഇരുട്ടില്‍ അയാളുടെ മുന്നില്‍ ഒരു സ്വപ്നലോകം തുറക്കപ്പെടുകയാണ്. പൊതുമണ്ഡലത്തില്‍ പ്രത്യക്ഷമായും പരസ്യമായും ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളും ആഗ്രഹങ്ങളും ഈ സ്ക്രീനില്‍ അയാള്‍ക്കുവേണ്ടിയും അവള്‍ക്കുവേണ്ടിയും ഇതള്‍വിടര്‍ത്തുകയാണ്. ഇരുട്ട് അയാളെ/അവളെ പുറംലോകത്തുനിന്ന് വിച്ഛേദിതമാക്കുന്നു. ആരും ശ്രദ്ധിക്കാനില്ലാതെ അയാള്‍/അവള്‍ സ്വതന്ത്രമായി തന്‍െറ മനസ്സിലെ ആഗ്രഹങ്ങള്‍ തേടുകയാണ്. ഇന്ത്യന്‍ സങ്കല്‍പത്തില്‍ അതിന്‍െറ ഭാവനയുടെയും അഭിലാഷങ്ങളുടെയും നിര്‍ബന്ധങ്ങളുടെയും പൂര്‍ത്തീകരണമായി സ്ത്രീസങ്കല്‍പം എങ്ങനെയാണ് രൂപപ്പെട്ടുവന്നത് എന്നുള്ളതും രൂപവത്കരണപ്രക്രിയയില്‍ സിനിമ എങ്ങനെയാണ് തന്‍െറ പങ്ക് നിര്‍വഹിച്ചതും നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നും വ്യത്യസ്ത ഭാഷാസിനിമകളുടെ പരിശോധനയിലൂടെ വെളിപ്പെടേണ്ടതുണ്ട്.  സിനിമയിലെ സ്ത്രീകഥാപാത്രങ്ങളുടെ രൂപവും സ്വഭാവഘടനയും ശബ്ദവും വസ്ത്രവും അംഗചലനങ്ങളും സംഭാഷണങ്ങളും മൂല്യബോധവും ഒക്കെ എങ്ങനെയൊക്കെയാണ് അടയാളപ്പെടുത്തിയിരിക്കുന്നതെന്നുള്ള അന്വേഷണങ്ങള്‍, സമൂഹത്തില്‍ ദൃഢമായ, സ്ത്രീ- പുരുഷ ബന്ധങ്ങളിലെ സാമാന്യ നിയമങ്ങളെക്കുറിച്ചും അധികാരബന്ധങ്ങളെക്കുറിച്ചുമുള്ള പഠനങ്ങളും അന്വേഷണങ്ങളും ആയിമാറും.  അതുപോലെ, തിരശ്ശീലയിലെ ഈ സ്ത്രീകള്‍ സാമൂഹികജീവിതത്തിന്‍െറ അടരുകളിലേക്ക്, യഥാര്‍ഥ ജീവിതത്തിലേക്ക് എങ്ങനെയാണ് പറിച്ചുനടപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തതെന്നും കണ്ടെത്താനാവും.  ഒരു ദേശമെന്ന സങ്കല്‍പത്തിലൂടെ സഞ്ചരിച്ചുകൊണ്ട്, സ്ത്രീതന്നെ ദേശമാവുകയും സ്്ത്രീയെ ദേശരാഷ്ട്രത്തിന്‍െറ സാങ്കല്‍പിക കുലീനതയിലേക്ക് എങ്ങനെയാണ് സാദൃശ്യപ്പെടുത്തുകയും ചെയ്തതെന്നുള്ളതും അന്വേഷിക്കേണ്ടതുണ്ട്.  പാരമ്പര്യബോധത്തിന്‍െറയും ജാതി ബോധത്തിന്‍െറയും മതബോധത്തിന്‍െറയും വഴികളില്‍ ഇന്ത്യന്‍ സവര്‍ണത, എങ്ങനെയാണ് അതിന്‍െറ താല്‍പര്യങ്ങളിലെയും അഭിലാഷങ്ങളിലെയും സ്ത്രീയെ പുരാണപരിസരങ്ങളില്‍നിന്നും മതപരിസരങ്ങളുടെ വ്യാഖ്യാനങ്ങളില്‍നിന്നും തിരശ്ശീലയിലേക്ക് പറഞ്ഞയച്ചത്?  ഇന്ത്യന്‍ സമൂഹത്തിലെ ദേശസങ്കല്‍പവും മൂല്യബോധവും കുടുംബസങ്കല്‍പവും സദാചാരബോധവും സ്ത്രീ-പുരുഷ ബന്ധങ്ങളും ലൈംഗികതയും നമ്മുടെ സാമൂഹികജീവിതത്തിന്‍െറ പറമ്പുകളില്‍ വന്‍മരങ്ങളായി പടര്‍ന്നു പന്തലിച്ചിട്ടുണ്ട്.  ‘രാജാ ഹരിശ്ചന്ദ്ര’മുതല്‍ ഏറ്റവും ആധുനിക സിനിമകള്‍വരെ ദേശരാഷ്ട്രസങ്കല്‍പങ്ങളെയും സ്ത്രീസ്വത്വത്തെയും വരച്ചിടുന്നതെങ്ങനെയാണ്?  പുരാണങ്ങളിലെ സത്യവാന്‍-സാവിത്രി കഥകളും ശീലാവതി കഥകളും സീത-രാമകഥകളുമൊക്കെ സിനിമയാക്കിക്കൊണ്ട് ഇന്ത്യന്‍ സിനിമയുടെ ആദ്യനാളുകള്‍ മുതല്‍തന്നെ ഒരു പൊതുബോധത്തെ നിര്‍മിച്ചെടുക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.  പുരുഷകേന്ദ്രീകൃതമായ ഒരു ദേശ, സദാചാര സങ്കല്‍പത്തിന്‍െറ വൈകാരിക ഇടങ്ങളില്‍ സ്ത്രീ ബന്ധിക്കപ്പെട്ടത് എങ്ങനെയൊക്കെയാണെന്നുള്ള അഗാധമായ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.  ഈ പുരാണകഥകള്‍ ആദര്‍ശവത്കൃതമായ ഒരു വരേണ്യ-സവര്‍ണ പൊതുബോധത്തെ നിര്‍മിച്ചെടുത്തുകൊണ്ട്, കീഴാളസമൂഹത്തിന്‍െറ സങ്കല്‍പങ്ങളെയും അട്ടിമറിച്ചു.  ആ അട്ടിമറിക്കലില്‍ എഴുത്തിന്‍െറയും വാമൊഴിയുടെയും വഴികള്‍ മാത്രമല്ല, കാഴ്ചയുടെ പ്രലോഭനങ്ങളും അന്തംവിടലുകളും യാഥാര്‍ഥ്യപ്രതീതിയുംകൊണ്ട് സിനിമയും വലിയ പങ്കുവഹിച്ചിട്ടുണ്ട്.  സിനിമാകൊട്ടകകളിലെ പൊതുഇടങ്ങളില്‍ ഒരു പുതിയ മൂല്യബോധവും അഭിമാനവും അധീശത്വവും കീഴടങ്ങലുകളും പാതിവ്രത്യസങ്കല്‍പങ്ങളും അങ്ങനെ രൂപംകൊണ്ടിട്ടുണ്ട്.


ആണ്‍നോട്ടത്തിന്‍െറ ആഹ്ളാദങ്ങളെയും അതിന്‍െറ മേല്‍ക്കോയ്മ അധികാരത്തെയും സിനിമകളിലൂടെ, വളരെ സാധാരണമെന്നനിലയില്‍ എങ്ങനെയെല്ലാമാണ് വികസിപ്പിച്ചെടുത്തത്? ദേശം, സമൂഹം, പിതൃദായക ക്രമം, പുരുഷാധികാര വ്യവസ്ഥ, ലിംഗപദവി, അതിന്‍െറ ബന്ധങ്ങള്‍, ലൈംഗികത ഒക്കെ സിനിമയുടെ ശരീരത്തില്‍നിന്ന് സമൂഹത്തിന്‍െറ നാഡീവ്യൂഹങ്ങളിലേക്ക് വളരെ വേഗത്തിലാണ് പ്രസരിച്ചത്.  സിനിമ ആധുനികവും പാരമ്പര്യാധിഷ്ഠിതവുമായ ചിഹ്നവ്യവസ്ഥകളുടെ സംവേദനത്തെ സാധ്യമാക്കുന്ന ഒരു സാംസ്കാരിക നിര്‍മിതിയാണ്. മറ്റു പല സാംസ്കാരിക നിര്‍മിതികളും കലാരൂപങ്ങളും നിര്‍വഹിക്കുന്നതരത്തില്‍, സിനിമയും സ്ത്രീയെ കുറിച്ചുള്ള പൊതുബോധവും സ്ത്രീത്വത്തിന്‍െറ വ്യത്യസ്ത സ്വത്വങ്ങളെയും നിര്‍മിച്ചെടുക്കുന്നുണ്ട്.  പുരുഷകേന്ദ്രീകൃതവും പുരുഷാധിപത്യപരവുമായ ഒരു സമൂഹത്തില്‍ സ്വാഭാവികമായും ലൈംഗികതയടക്കമുള്ള ആഹ്ളാദങ്ങളും  അതിന്‍െറ അധികാരഘടനയും പുരുഷകേന്ദ്രിതമായിരിക്കും. അതുകൊണ്ട്, അവന്‍െറ കാഴ്ചയുടെ ഇടങ്ങളില്‍ സ്ത്രീ- പുരുഷ ലൈംഗികതയുടെ രഹസ്യകാമനകളുടെയും ഭയത്തിന്‍െറയും പ്രതീകമായും ഉപകരണമായും മാറിത്തീരുന്നുണ്ട്. സിനിമ സൃഷ്ടിക്കുന്ന രഹസ്യാത്മകതയില്‍ പുരുഷലൈംഗികതയെ തൃപ്തിപ്പെടുത്തുന്ന, ഉത്തേജിപ്പിക്കുന്ന, ലൈംഗികബിംബമായും ലൈംഗിക ദേവതയായും സ്ത്രീ അടയാളപ്പെടുത്തുകയും നിറയുകയും ചെയ്യുന്നുണ്ട്. പുരുഷന്‍ തന്‍െറ അഭിലാഷങ്ങള്‍ക്കും കാമതൃഷ്ണകള്‍ക്കും അനുയോജ്യമായ സ്ത്രീരൂപങ്ങളെ, അതിന്‍െറ മാതൃകകളെ, സിനിമയുടെ ആധുനികമായ പ്രതീതിയാഥാര്‍ഥ്യത്തിന്‍െറ ഇടങ്ങളില്‍ ഒരുക്കിനിര്‍ത്തുകയാണ്. ആണിന്‍െറ കാഴ്ചയുടെ പൊതുബോധത്തില്‍നിന്നാണ് സ്ത്രീകഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍, സ്ത്രീ ഗൂഢാലോചനക്കാരിയും കുതന്ത്രങ്ങള്‍ ശീലമാക്കിയവളും അഹങ്കാരിയോ അപകടകാരിയോ ഒക്കെയായി അടയാളപ്പെടുത്തുന്നുണ്ടാവും. ഇതിന്‍െറ വിപരീതദിശയില്‍ പുരുഷന്‍ തന്‍െറ ആശങ്കകളെ അഭിസംബോധന ചെയ്തുകൊണ്ട് തങ്ങള്‍ പ്രതീക്ഷിക്കുന്ന സ്ത്രീയെയും കഥാപാത്രങ്ങളുടെ ഉള്ളില്‍ വരച്ചിടുന്നു. അവിടെയാണ് സ്ത്രീ കന്യകയും പതിവ്രതയും പുരുഷന്‍െറ എല്ലാ അതിക്രമങ്ങളെയും ക്ഷമയോടെ സഹിച്ച് കീഴ്പ്പെടുന്നവളും. തന്‍െറ വംശത്തെ നിലനിര്‍ത്താനും പുലര്‍ത്താനും പറ്റുന്ന അമ്മയായും സ്ത്രീയെ പ്രതിഷ്ഠിക്കുന്നത്. പുരുഷന്‍െറ കാഴ്ചപ്പാടാണ് അയാള്‍ കൈകാര്യം ചെയ്യുന്ന കാമറയുടെ പോയന്‍റ് ഓഫ് വ്യൂ (point of view) ആയി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട്, സ്വാഭാവികരതിയിലും ലൈംഗികതയിലും ജീവിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും താല്‍പര്യമുണര്‍ത്തുന്ന ലൈംഗികാകര്‍ഷണമുള്ള സ്ത്രീരൂപങ്ങളെയാണ് സിനിമയില്‍ സൃഷ്ടിക്കുന്നത്. മിക്കവാറും പുരുഷന്മാര്‍തന്നെയായിരിക്കും സിനിമയുടെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നതെന്നുള്ളതുകൊണ്ട് ഇത് സ്വാഭാവികവും സാധാരണവുമായ ഒന്നായിത്തീരുകയും ചെയ്യുന്നു.  അപ്പോഴാണ് പുരുഷന്‍ ആഗ്രഹിക്കുന്ന നല്ലവളായ വേശ്യയും തങ്ങളെ മനസ്സിലാക്കുകയും സാന്ത്വനിപ്പിക്കുകയും ചെയ്യുന്ന മാതാവും സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ഭാര്യയും ഒക്കെ സിനിമയുടെ ഇടങ്ങളില്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്.



ലൈംഗികത ഒരു രാഷ്ട്രീയ സ്ഥാപനമായി മാറുന്നത് ഇന്ത്യന്‍ സാമൂഹികവ്യവസ്ഥയില്‍ നമുക്ക് തൊട്ടറിയാനാവും.  അത് അധികാരത്തിന്‍െറയും പിതൃദായകക്രമത്തിന്‍െറയും സമഗ്രമായ മറ്റൊരു രാഷ്ട്രീയാധികാരപ്രയോഗമായി മാറുന്നു.  സ്വന്തം ശരീരത്തിനുമേല്‍ സ്വാതന്ത്ര്യമില്ലാതിരിക്കുകയും ശരീരത്തിന്‍െറ ആഹ്ളാദങ്ങള്‍ പാപമാണെന്നും ഹീനമാണെന്നുമുള്ള ബോധം നിര്‍മിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക പരിതഃസ്ഥിതി സൃഷ്ടിച്ചുകൊണ്ട് സ്ത്രീയുടെമേല്‍ മര്യാദകളുടെയും കുലീനതയുടെയും മായികമായ ഒരു അധികാരവ്യവസ്ഥ ആധിപത്യംചെലുത്തുന്നതിന് സിനിമ അതിന്‍െറ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.  ലൈംഗികതയും ദേശീയതയും ഒരു സാമൂഹികനിര്‍മിതിയാണ്. ദേശസങ്കല്‍പങ്ങളിലെ വിശുദ്ധിപോലെതന്നെ ലൈംഗികതയെക്കുറിച്ചുള്ള സങ്കല്‍പങ്ങളിലും വിശുദ്ധിയുടെ ആഗ്രഹങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ടാണ് അധികാരം അതിന്‍െറ കൊടി ഉയര്‍ത്തുന്നത്.  സ്ത്രീയുടെ ചാരിത്രവും ദേശത്തിന്‍െറ പവിത്രതയും സമീകരിക്കപ്പെടുന്നത് ഈ പുരുഷകേന്ദ്രീകൃത സങ്കല്‍പങ്ങളില്‍നിന്നായിരിക്കാം.  ഹിന്ദുമതത്തിന്‍െറ സവര്‍ണബോധമനുസരിച്ചുള്ള സ്ത്രീസങ്കല്‍പങ്ങളില്‍നിന്നാണ് ഇതൊക്കെ പിറവികൊണ്ടിട്ടുള്ളത്.  പക്ഷേ, മുസ്ലിം, ക്രിസ്ത്യന്‍ മതപാരമ്പര്യങ്ങളുടെ സ്വാധീനം നമ്മുടെ പൊതുബോധത്തിന്‍െറ ഇടങ്ങളില്‍ എവിടെയൊക്കെയാണ് നിലകൊള്ളുന്നതെന്നും അന്വേഷിക്കേണ്ടതുണ്ട്.  യൂറോപ്പിന്‍േറതടക്കമുള്ള വൈദേശിക സംസ്കൃതി, നമ്മുടെ സദാചാരസങ്കല്‍പങ്ങളെയും മൂല്യവ്യവസ്ഥയെയും എത്രത്തോളം മാറ്റിത്തീര്‍ത്തിട്ടുണ്ട് എന്ന അന്വേഷണങ്ങള്‍, സിനിമയുടെ സാംസ്കാരികാന്വേഷണങ്ങളിലേക്ക് വികസിപ്പിക്കേണ്ടതുമുണ്ട്.  ഉദാഹരണത്തിന് സ്ത്രീ, ഭക്ഷണം എന്നിവയെ ഒരേപോലെ കാണുന്ന സവര്‍ണസങ്കല്‍പം സിനിമയിലെങ്ങനെയാണ് ഗാഢമായ ഒരു മൂല്യബോധമായി പുനരുല്‍പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് അന്വേഷിക്കേണ്ടതുണ്ട്.  അന്യപുരുഷന്മാര്‍ തൊടുകയോ പ്രാപിക്കുകയോ ചെയ്ത സ്ത്രീയുടെ ചാരിത്രം അശുദ്ധമാക്കപ്പെടുകയും അതുവഴി അവള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നതുപോലെ അന്യരോ അവര്‍ണരോ തൊട്ട ഭക്ഷണവും വര്‍ജിക്കപ്പെടുന്ന സവര്‍ണസങ്കല്‍പം ഉദാഹരണം.  അവര്‍ണരുടെയോ ഹീനജാതിക്കാരുടെയോ നിഴല്‍പോലും വീണാല്‍ ആ ഭക്ഷണം ഉപേക്ഷിക്കുന്നതുപോലെ സ്ത്രീയെയും പരിഗണിക്കപ്പെട്ടിരുന്നല്ളോ.  നിരവധി സിനിമകളില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു പ്രമേയമാണിത്.  ബലാത്സംഗത്തിന് വിധേയമാക്കപ്പെട്ട സ്ത്രീ സ്വയം ഞാന്‍ ചീത്തയാണ്, അശുദ്ധമാക്കപ്പെട്ടവളാണെന്ന് പറയുന്നത് ഒരു സാധാരണ കാര്യമാണ് സിനിമയില്‍.  പ്രേക്ഷകര്‍ അത് അംഗീകരിക്കുകയും ചെയ്യുന്നു.  അവളുടെ മരണമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.


ദേശസങ്കല്‍പങ്ങളില്‍ ദേശം സ്ത്രീയായി മാറുന്നതും പുരുഷന്‍െറ അധികാരത്തിന്‍െറയും സ്വപ്നങ്ങളുടെയും ഫലമായാണ്.  ദേശം, മാതാവ്, ദേശമാതാവ്, ഭാരതമാതാവ്, ഭൂമി, കന്യക, പാതിവ്രത്യം, പുരുഷനാല്‍ സംരക്ഷിക്കപ്പെടുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്ന സ്ത്രീയുടെയും ദേശത്തിന്‍െറയും സ്വത്വം, എല്ലാം ഒരു സാംസ്കാരിക നിര്‍മിതിയാണ്. ഈ സാംസ്കാരിക നിര്‍മിതിയില്‍ സിനിമ വലിയ പങ്കുവഹിച്ചിട്ടുണ്ട്.  ‘മദര്‍ ഇന്ത്യ’ പോലുള്ള സിനിമകളുടെ സൂക്ഷ്മപരിശോധന കൂടുതല്‍ വസ്തുതകള്‍ വെളിപ്പെടുത്തും.  പുരാണകഥാപാത്രങ്ങളില്‍നിന്നും പ്രമേയങ്ങളില്‍നിന്നും ‘മദര്‍ ഇന്ത്യ’പോലുള്ള സിനിമകളിലേക്കെത്തുമ്പോള്‍ ദേശീയതയുടെ സങ്കല്‍പങ്ങളിലേക്ക് സ്ത്രീ ഉയര്‍ത്തപ്പെടുകയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തു.  ഇത്തരം സിനിമകളിലൂടെ രൂപപ്പെട്ട ഒരു പുതിയ മാതൃത്വസങ്കല്‍പവും പീഡിപ്പിക്കപ്പെടുന്നതും ദരിദ്രരാക്കപ്പെടുന്നതുമായ സ്ത്രീകഥാപാത്രങ്ങളും വിധവകളും ഒക്കെ എങ്ങനെയൊക്കെയാണ് ഇന്ത്യന്‍ സാമൂഹികപരിതഃസ്ഥിതികളെ അടയാളപ്പെടുത്തിയത്?  ‘മദര്‍ ഇന്ത്യ’യിലൂടെ ഒരു മാതൃകാ സ്ത്രീസങ്കല്‍പമായി മാറിയ നര്‍ഗീസിനൊക്കെ മുമ്പ്, ധീരശൂരപരാക്രമിയായ, സ്ത്രീത്വത്തിന്‍െറ വീറും മാനവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വന്ന ചുരുക്കം ചില സിനിമകളുണ്ടായിരുന്നു.  ഹോമിവാഡിയ നിര്‍മിച്ച സിനിമകളിലെ നായിക അയാളുടെ ഗ്രീക്ക് ഭാര്യ നദിയ ആയിരുന്നു.  അവര്‍ ആക്ഷന്‍ ഹീറോയിന്‍ ആയി 1930കളില്‍ വന്ന പല സിനിമകളും വമ്പിച്ച വിജയമായിരുന്നു.  പിന്നീടെങ്ങനെയാണ് അത്തരം കഥാപാത്രങ്ങള്‍ പ്രത്യക്ഷമാകുകയും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സ്ത്രീസങ്കല്‍പങ്ങളും സ്വപ്നങ്ങളും, നര്‍ഗീസിനെപ്പോലുള്ളവര്‍ ചെയ്ത കഥാപാത്രങ്ങളിലേക്ക് വളരുകയും ചെയ്തത്?
വ്യവസ്ഥാപിതമായ സ്ത്രീത്വ സങ്കല്‍പങ്ങളും മൂല്യവിചാരങ്ങളും സദാചാര നിയമങ്ങളും സാമൂഹികവും സാംസ്കാരികവുമായ ഒരു നിര്‍മിതിയിലൂടെയാണ് രൂപംകൊള്ളുന്നത്.  നമ്മുടെ സിനിമകളിലെ ഈ സങ്കല്‍പങ്ങള്‍ ഒരു ശക്തമായ സാന്നിധ്യമായി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്.  ലൈംഗികത, സ്വാഭാവികമായ ഒരാഹ്ളാദമായി അനുഭവിക്കുന്ന ആരെയും നമ്മുടെ സമൂഹം അത്രകണ്ട് അംഗീകരിക്കില്ല.  സ്ത്രീകളുടെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ചും ലൈംഗികാഹ്ളാദം പ്രകടിപ്പിക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നതും പുരുഷന്‍െറ ആവശ്യാനുസരണമായല്ലാതെ ലൈംഗികത ആഗ്രഹിക്കുന്നതും കുലീന സ്ത്രീകള്‍ക്ക് യോജിച്ചതല്ളെന്ന പൊതുബോധം വളരെ നേരത്തേ നമ്മുടെ സമൂഹം നിര്‍മിച്ചിട്ടുണ്ട്. ഇത് വഴിപിഴച്ചവളും അച്ചടക്കമില്ലാത്തതുമായ സ്ത്രീകളുടെ സ്വഭാവമാണെന്നും കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്നുമുള്ള പൊതുബോധം രൂപവത്കരിക്കപ്പെട്ടിട്ടുണ്ട്.
ക്ഷോഭാകുലയും സ്വയംപര്യാപ്തതയുള്ളവളും നല്ല കരുത്തുള്ളവളും ആയ ഒരു സ്ത്രീയെ സാധാരണസ്ത്രീയായി നമുക്ക് സങ്കല്‍പിക്കാനാവാത്ത തരത്തില്‍, നമ്മുടെ സാമാന്യബോധം രൂപപ്പെട്ടിട്ടുണ്ട്.  ഈ ബോധത്തെ മുറിപ്പെടുത്താത്തതും ഊട്ടിയുറപ്പിക്കുന്നതും ആയ കഥകളും കഥാപാത്രങ്ങളുമായാണ് മിക്കവാറും എല്ലാ സിനിമകളും പ്രത്യക്ഷപ്പെടുന്നത്.  നൂറുകണക്കിന് വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട ഈ സാംസ്കാരിക നിര്‍മിതിയെ അധികാരവ്യവസ്ഥയായി നിലനിര്‍ത്തുകയും സംരക്ഷിക്കുകയും കാലാനുസൃതമായി വികസിപ്പിക്കുകയും ചെയ്യുന്നതില്‍ ഈ സിനിമകളെല്ലാം വലിയ പങ്കാണ് വഹിക്കുന്നത്. 
സെന്‍സര്‍ഷിപ്പും പാരമ്പര്യവും അപ്രഖ്യാപിതവിലക്കുകളുംകൊണ്ട്, നിരോധിക്കപ്പെട്ട നഗ്നതാ പ്രദര്‍ശനം, ചുംബനം, ലൈംഗികത എന്നിവ സിനിമയെ എങ്ങനെയൊക്കെയോ മറ്റു ദിശകളിലേക്ക് പറഞ്ഞുവിട്ടു. അതിന്‍െറ ഫലമായി രൂപംകൊണ്ട പ്രമേയപരിസരങ്ങളില്‍നിന്ന് രണ്ടുതരത്തിലുള്ള സ്ത്രീ പ്രതിനിധാനങ്ങള്‍ രൂപംകൊണ്ടു.


1. കുടുംബിനി, ലൈംഗികതയോട് പരസ്യമായി താല്‍പര്യം പ്രകടിപ്പിക്കാത്തവള്‍, ലജ്ജാവതി, അച്ചടക്കമുള്ളവള്‍, പാരമ്പര്യത്തില്‍ ഉറച്ചുനില്‍ക്കുന്നവള്‍, സദാചാരം സൂക്ഷിക്കുന്നവള്‍, ദൈവഭക്തിയുള്ളവള്‍, എല്ലാം സഹിക്കുന്നവള്‍ എന്നിങ്ങനെയൊക്കെ അടയാളപ്പെടുത്താവുന്ന നല്ല സ്ത്രീ.

2.മോഹിനി, ലൈംഗികതാല്‍പര്യമുള്ളവള്‍, പാശ്ചാത്യ സംസ്കാരം സ്വീകരിച്ചവള്‍, വിദ്യാഭ്യാസമുള്ളവള്‍, സദാചാരമില്ലാത്തവള്‍, പരിഷ്കാരി, ധിക്കാരി, ആധുനികജീവിതരീതി ഇഷ്ടപ്പെടുന്നവള്‍, സര്‍വോപരി ഒരു കാമപ്പിശാച് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു ചീത്തസ്ത്രീ. 1950-60 കാലത്തിലെ ചലച്ചിത്ര പരിസരവും കഥാപരിസരവും നായികാസങ്കല്‍പവും ഏറക്കുറെ ഇങ്ങനെ വിഭജിക്കപ്പെട്ടു.  രണ്ടു വിരുദ്ധങ്ങളുടെ സംഘര്‍ഷങ്ങളിലൂടെ നല്ലവളാര്, ചീത്തയാര് എന്ന ധാരണാത്തീര്‍പ്പുകള്‍ വ്യാപകമായി.  മീനകുമാരി തുടങ്ങിയ നടികളുടെ ജനുസ്സ് കഥാപാത്രങ്ങള്‍, മെലോഡ്രാമയുടെയും കുടുംബകഥകളുടെയും വലയങ്ങളില്‍, ദുഃഖപുത്രികളായി, നല്ലവളായി വിളങ്ങി.  സ്ത്രീത്വത്തിന്‍െറ നിഷേധിക്കപ്പെടേണ്ട വിരുദ്ധഭാവങ്ങളായി, നാദിറ, ഹെലന്‍, ബിന്ദു തുടങ്ങിയ നടികള്‍ പരിഷ്കാരികളും അപഥസഞ്ചാരിണികളും ആയി പ്രതിഷ്ഠിക്കപ്പെട്ടു.  ഈ രണ്ട് ജനുസ്സില്‍പ്പെട്ട നല്ലത്/ചീത്ത സ്ത്രീ സങ്കല്‍പങ്ങളെ, വേഷത്തിലും അംഗചലനങ്ങളിലും മാത്രമല്ല മുദ്രകുത്തി ടൈപ്പ് ചെയ്യപ്പെട്ടത്.  ശബ്ദത്തിന്‍െറ ഉപയോഗത്തിലൂടെയും സംഭാഷണത്തിന്‍െറയും ഗാനങ്ങളുടെയും താളലയംകൊണ്ടും ടോണ്‍കൊണ്ടുംകൂടി വേര്‍തിരിക്കപ്പെട്ടു.  ഹിന്ദിസിനിമയില്‍ നല്ലവരൊക്കെ ലതാമങ്കേഷ്കറിന്‍െറ സ്വരത്തിലും ചീത്തയൊക്കെ ആശാ ബോസ്ലെയുടെയും സ്വരത്തിലും അടയാളപ്പെടുത്തപ്പെട്ടു.  ഇത് സ്ത്രീകളുടെ സംസാര രീതിയെപ്പോലും സ്വാധീനിച്ചിട്ടുണ്ട്.  ലതയുടെ സ്വരം സ്ത്രീത്വത്തിന്‍െറ ഉദാത്ത മാതൃകകളായി ഒരു ദേശമംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്തു.  ലത ചീത്തയായി  മുദ്രകുത്തപ്പെട്ട കഥാപാത്രങ്ങള്‍ക്കുവേണ്ടി പാടാന്‍പോലും തയാറായതുമില്ല എന്ന് പറയുമ്പോള്‍ സിനിമയിലെ അടയാളങ്ങളും പ്രതിനിധാനങ്ങളും സമൂഹത്തെ എത്ര ആഴത്തില്‍ സ്വാധീനിച്ചു എന്നാലോചിക്കേണ്ടതുണ്ട്.  അത്തരം കഥാപാത്രങ്ങളെ അവര്‍ അല്ളെങ്കില്‍ ചലച്ചിത്രകാരന്മാര്‍, ആശക്ക് നല്‍കി.  രണ്ട് വേര്‍തിരിവുകള്‍ അങ്ങനെ അതിസൂക്ഷ്മമായി നിര്‍മിക്കപ്പെട്ടു.  മലയാളത്തിലും ഏറക്കുറെ അങ്ങനെതന്നെയായിരുന്നു സ്ഥിതി.  സുശീല, എസ്. ജാനകി എന്നിവര്‍ നല്ല കഥാപാത്രങ്ങള്‍ക്കും എല്‍.ആര്‍. ഈശ്വരി ചീത്ത കഥാപാത്രങ്ങള്‍ക്കും വേണ്ടി പാടി. 


സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കാര്യത്തില്‍ ആധിപത്യം നേടിയ പുരുഷന്‍ അവരുടെ ഒരു ലോകത്തെ അടയാളപ്പെടുത്തുകയും നിര്‍ണയിക്കുകയും നിര്‍മിക്കുകയും ഭാഷയടക്കമുള്ള സാംസ്കാരിക നിര്‍മിതിയുടെ ചതിക്കുഴികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്.  സ്ത്രീയെ പുരുഷന്‍ സ്ഥാനപ്പെടുത്തുന്നത് തനിക്ക് കീഴ്പ്പെട്ടുനില്‍ക്കേണ്ടവള്‍ എന്ന രീതിയിലാണ്. പുരുഷകേന്ദ്രീകൃതമായ അധികാരവ്യവസ്ഥയും ചൂഷണവ്യവസ്ഥയും നിലനില്‍ക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നതിനെ ഈ സിനിമകള്‍ ഏതെല്ലാം തരത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് പഠനങ്ങള്‍ മേല്‍പ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ബലപ്പെടേണ്ടതുണ്ട്.